ആകാംക്ഷ

  

ഇന്നലെ മുതൽ ആലോചിക്കുന്നതാണ്. വല്ലാത്ത ഒരു ആകാംക്ഷ. പലപ്പോഴും ഞാൻ കണ്ടു നിന്നിട്ടുള്ളതാണ് ഇത്തരം യാത്രകൾ. പക്ഷെ ആദ്യമായാണ് ഇങ്ങിനെയൊരു കാഴ്ച. അവർ ഒരു 10, 12 പേർ ഉണ്ടായിരുന്നു. കാർമേഘം ഇരുളിമ പടർത്തിയ സന്ധ്യാകാശത്തിന്റെ ക്യാൻവാസിൽ അവരുടെ ഇളം ചാര നിറം ഒരു വെള്ളി തിളക്കം നൽകുന്നുണ്ടായിരുന്നു.

 എല്ലാ ദിവസവും ഉണ്ട് ഇക്കൂട്ടർക്ക് ഈ സമയത്തൊരു യാത്ര. ആദ്യം മൂന്നു പേർ പിന്നെയൊരു ഗ്യാപ്. വീണ്ടും മൂന്നോ നാലോ പേർ വീണ്ടും ഒരു ഗ്യാപ്. അങ്ങിനെ ഒരു 10..12 പേർ. വടക്കു ദിശ ലക്ഷ്യമിട്ടാണ് ആ കൊക്കിൻ കൂട്ടം നിര നിരയായി പറന്നിരുന്നത്. പെട്ടെന്നാണ് പുറകിലത്തെ ആ കൊക്ക് തൊട്ടു മുൻപിൽ പറന്ന് കൊണ്ടിരുന്നവരോട് എന്തോ പറഞ്ഞിട്ട് പെട്ടെന്ന് വടക്കു കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറ്റി പറന്നത്.. ഒറ്റക്ക്.

 ഇന്നലെ മുതൽ ആലോചിക്കുന്നതാണ്. ഒരു പിടുത്തവും കിട്ടുന്നില്ല. അവൻ എന്തായിരിക്കും കൂട്ടുകാരോട് പറഞ്ഞത്? എങ്ങോട്ടേക്കായിരിക്കും അവൻ ഒറ്റയ്ക്ക് പോയത്? എന്തിനായിരിക്കും പോയത്?

Comments