എന്റെയോർമ്മകൾ (2)

ഗുളികൻ
---------------

    പാമ്പിന്റെ കാര്യം പറഞ്ഞപ്പോളാണ് ഒരു കാര്യം ഓർമ വന്നത്. ഇത് നടന്നത് മഴക്കാലത്തു ആണെന്ന് തോന്നുന്നില്ല . എന്തായാലും സന്ധ്യാ സമയത്താണ്. അതായത് ഗുളികൻ എന്നൊരു സംഭവം ഉണ്ട്. അത് ചില സമയത്ത് നമ്മുടെ തലയ്ക്കു മുകളിൽ ഇങ്ങിനെ ഉദിച്ചു നിൽക്കും. അങ്ങിനെ ഉള്ളപ്പോൾ നമ്മൾ എന്ത് പറഞ്ഞാലും അത് , അത് പോലെ  തന്നെ സംഭവിക്കും. ഇതിന്റെ കുഴപ്പം എന്താണെന്നു വച്ചാൽ ഇത് നമ്മുടെ തലയ്ക്കു മുകളിൽ ഉദിച്ചു നിൽക്കുകയാണോ എന്നൊന്നും നമുക്ക് അറിയാൻ പറ്റുകയില്ല. ചിലപ്പോൾ നാക്കിൽ ഉദിക്കുമെന്നും കേട്ടിട്ടുണ്ട്. അങ്ങിനെ ഗുളികൻ ഉദിച്ചു നിന്നിരുന്ന സമയത്ത് നടന്ന ഒരു സംഭവമാണ്.

സന്ധ്യ സമയത്ത് പാമ്പുകൾ ഇറങ്ങുന്ന സമയമാണെന്ന് പറഞ്ഞുവല്ലോ. അങ്ങിനെ ഒരു സന്ധ്യാ സമയത്ത് എനിക്ക് കലാശാലായ ഒരു ആഗ്രഹം. വീടിനു പുറകിലുള്ള പാടത്ത് ഒന്ന് നടന്നിട്ട് വരണം. രണ്ടു പാടങ്ങളേയും പകുക്കുന്ന ആ വീതിയുള്ള വലിയ വരമ്പിലൂടെ നടന്ന് പാടത്തിന്റെ ഒത്ത നടുക്കുള്ള തോടിന്റെ വക്കത്തു ചെന്ന് നിൽക്കണം. തോടിന്റെ ചെറിയ ഒഴുക്കിലൂടെ പായൽ കൂട്ടങ്ങൾ തെന്നി നീങ്ങുന്നത് കാണണം. അമ്മയോട് പറഞ്ഞു. പതിവ് പോലെ അമ്മ തടഞ്ഞു. സാധ്യമല്ല. സന്ധ്യാ സമയമാണ്. പാമ്പുകൾ മാളം വീട്ടിറങ്ങുന്ന സമയം. പോവാൻ പാടില്ല. എനിക്ക് ദേഷ്യം വന്നു.

"ഓ പിന്നെ പാമ്പുകൾക്ക് എന്നെ പിടിക്കണമെങ്കിൽ ഞാൻ പാടത്ത് പോയിട്ട് വേണോ.പാമ്പുകൾ ഇങ്ങോട്ടും വന്നു കൂടെന്നില്ലല്ലോ?"

  തർക്കുത്തരം പറയാതെ മര്യാദക്ക് കയ്യും മുഖവും കഴുകി നാമം ചൊല്ലാൻ പറഞ്ഞിട്ട് അമ്മ അകത്തെ മുറിയിലേക്ക് പോയി. ആ മുറിയിലാണ് അമ്മയുടെ സാരികൾ വച്ചിട്ടുള്ള ഇരുമ്പലമാരി ഇരിക്കുന്നത്. അമ്മ അലമാരി തുറന്ന് സാരികൾ അടുക്കി വച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ വിട്ടു കൊടുക്കാതെ വീണ്ടും ഓരോരോ തർക്കങ്ങളുമായി അമ്മയുടെ പുറകിലും.

 പെട്ടെന്ന് അലമാരിയുടെ ഗ്ലാസിൽ ഒരു അനക്കം. മുറിയുടെ തുറന്നു വച്ചിരിക്കുന്ന വാതിലിന്റെ ഇടുക്ക് ഭാഗം അലമാരിയുടെ ഗ്ലാസിൽ കാണാം. അവിടെയാണ് അനക്കം. ആദ്യം വെറുതെ തോന്നിയതാണെന്നാണ് കരുതിയത്. തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടിപ്പോയി. വാതിലിന്റെ ഇടുക്കിൽ ദേ ഇരിക്കുന്നു, ചുരുണ്ടു കൂടി ഒരു പാമ്പ്.

 അതെ ഞാൻ പറഞ്ഞത് പോലെ തന്നെ പാടത്തേക്ക് ഞാൻ ചെല്ലാതെ തന്നെ എന്നെ ഇങ്ങോട്ട് അന്വേഷിച്ച് വന്ന പാമ്പ്. എനിക്ക് ഉറപ്പായി, ശരിയാണ്.... നമ്മൾ എന്തെങ്കിലും പറയുന്ന സമയത്ത് ഗുളികൻ ഉദിച്ചു നിൽക്കുകയാണെങ്കിൽ അത്, അത് പോലെ തന്നെ സംഭവിക്കും. 🙄 തുടരും..

Comments

Popular Posts