കരട്ട പകവാൻ



 "ഡോട്ടറമ്മാ നാ അന്ത കരട്ട പകവാനെ പാത്താച്ച്, നാൻ വണങ്കിട്ടേ"....

എന്റെ ഭഗവാനെ ഇതെന്തു ബാസ???

അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു നിൽക്കുന്നു.
"എൻ അപ്പാ സൊല്ലിയാച്ച് , കരട്ട പകവാനെ പാത്താ , വണങ്കിട്ടെ ഇരിക്കണം.
" കരട്ട പകവാനോ? അതെന്തു സാധനം? ഞാൻ ചോദിച്ചു.
"അമ്മാ അന്ത കരട്ട പകവാനില്ലയാ, അന്ത പറക്കത്".
അങ്ങനെ വരട്ടെ, കണ്ണും കലാശവും കൈ കൊട്ടിക്കളിയും എല്ലാം ആയപ്പോൾ എനിക്ക് കാര്യം മനസ്സിലായി. "ഗരുഡ ഭഗവാൻ " സാക്ഷാൽ eagle....
 ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള എൻറെ ഫ്ലാറ്റിൽ നിന്ന് നോക്കിയാൽ ഇഷ്ടം പോലെ പരുന്ത്കളെ കാണാൻ സാധിക്കും. അങ്ങിനെ ഒരു കരട്ട പകവാനെ കണ്ട സന്തോഷത്തിലാണവർ.

കഴിഞ്ഞ ദിവസം കൊണ്ട് വന്ന home nurse ആണ്. ഒരു തേങ്കാശിക്കാരി. തമിഴ് താൻ പേശും. എനിക്ക് ആണെങ്കിൽ തമിഴ് കൊഞ്ചം താൻ തെരിയും. ഞാൻ ഡോട്ടറമ്മ ആണെന്നും, ഭൂമിക്കു മേലുള്ള ഏത് ദീനത്തുക്കും എന്റെ കയ്യിൽ മരുന്ന് ഉണ്ടെന്നുമാണ് പുള്ളിക്കാരിയുടെ വിശ്വാസം. ഞാൻ സൈക്കോളജിസ്റ് എന്ന് പറയുന്ന ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ഒരു പ്രത്യേക തരം ജീവിയാണെന്ന് അവരെ പറഞ്ഞു ധരിപ്പിക്കുക എളുപ്പമല്ലെന്നു കണ്ട്.... ഞാനാ ഉദ്യമം ഉപേക്ഷിച്ചു.

നല്ല രസമാണ് അവരുടെ വർത്തമാനം കെട്ടിരിക്കാൻ..... വളരെ rural ആയിട്ടുള്ള ഏതോ ഗ്രാമത്തിൽ നിന്നാണ് വരവ്. അതിന്റെതായ നിഷ്കളങ്കതയും ഉണ്ട്.. സംസാരത്തിലും , ചിന്തകളിലും. ദോത്തിയും തലപ്പാവും വച്ച കൃഷിക്കാരനായ അച്ഛനെ കുറിച്ചും, ആടി മാസത്തിൽ പുതുസാ നെൽ ക്കതിർ കൊണ്ടു വന്ന് പറയിൽ വച്ച് അമ്മ മൂന്നു കുമ്പിൾ തണ്ണി പാർന്ന്‌ നടത്തുന്ന പൂജ ഉൾപ്പെടെ ഒരു പാട് വിശേഷങ്ങൾ അവർ പറഞ്ഞു കൊണ്ടേ ഇരിക്കും.

അരിക്കലം നിലത്തിരിക്കുന്നത് കണ്ടപ്പോൾ അവർ പറഞ്ഞു. ഡോട്ടറമ്മ ഇത് ഇപ്പടി നിലത്ത് വക്കക്കൂടാത്. ഇത് നമ്മ കടവുൾ മാതിരി. പൊക്കത്തിലെ ഏറ്റി ഓട്ടിടണം. പൊക്കത്തിലെ ഏറ്റി ഓട്ടിടാൻ അവിടെ ഒരു ഷെൽഫ്  കെടയാതെന്ന് ഞാൻ അവരോട് പറയാൻ പോയില്ല. അവരുടെ നിഷ്കളങ്കതക്കു മുന്നിൽ നമ്മുടെ സാങ്കേതിക പരിജ്ഞാനം ഒന്നും, ഒന്നും അല്ലാത്തത് പോലെ.
 

Comments

Popular Posts