ഒരു വിരൽ സ്പർശനം

ഒരു വിരൽ സ്പർശം
------------------------------------

അവിടായിരുന്നു ഞാൻ , ആ മരുഭൂമിയിൽ
എവിടെയും ചൂടും മണൽപ്പരപ്പും
അവിടവിടെയായി മരുപ്പച്ച കണ്ടു ഞാൻ
ത്ധടുതിയിലോടിയണച്ചു നിൽക്കും

മരുപ്പച്ചയല്ലതെൻ വ്യർത്ഥ വ്യാമോഹങ്ങൾ
സത്യമാം വ്യാഘ്രങ്ങൾ വാ പിളർക്കും
നെഞ്ചിൽ ചുടുകാറ്റങ്ങാഞ്ഞടിക്കും എന്റെ
കവിളുകൾ കണ്ണീരിൽ വെന്തു പോകും

ഒരു തുള്ളി ദാഹ ജലത്തിന് വേണ്ടി ഞാൻ
ചുടുഭൂമികൾ വീണ്ടും താണ്ടി നോക്കും

ഒടുവിലൊരു നിസ്വനം....

കനിവിൻറെ കുളിരാർന്ന കരതലം നീട്ടിയെൻ

നെറുകിലൊരു സ്പർശനം ....

ഹൃദയത്തിൽ അമൃതിന്റെ വർഷമായി..എന്റെ
കരയുന്ന കരളിനതു ഹർഷമായി
മരുപ്പച്ചകൾ പൂത്തു ആമ്പൽ വിരിഞ്ഞതിൽ
വണ്ടുകൾ കൂട്ടമായ് വന്നിറങ്ങി
കാതോർക്കുകിൽ കേൾക്കാം കാറ്റിന്റെ പല്ലവി
ചാരത്തു പൂത്തു നിൽക്കുന്നിതാ വല്ലരി

കണ്ണുകൾ കൂമ്പിയമർന്നു ഞാൻ നിൽക്കവേ
ആരോ വിളിച്ചോതി ........വീണ്ടും മരീചിക....

ഇത് നിന്റെ......

വ്യർത്ഥ വ്യാമോഹത്തിൻ പുത്തനാം കല്ലറ
വേരറ്റ വല്ലിയിൽ പൂവിട്ട മോഹത്തിൻ
വേർപെട്ട പ്രാണന്റെ വേറിട്ട വേദന

മരുപ്പച്ച പൂക്കില്ല , ആമ്പൽ വിരിയില്ല
വണ്ടുകൾ മൂളിയണഞ്ഞിടില്ല
എല്ലാം വെറും തോന്നൽ നിന്മനോ കല്പിതം ,നോവി-
ന്നാഴത്തിലലയും നിൻ ആത്മാവിൻ ജല്പനം.

മുഷ്ടി ചുരുട്ടി മുടിയിലിഴയ്ക്കുന്ന
ദുശ്ശാസനൻമാരിവിടെ വീണ്ടുമുയിർത്തിടാം
വിഡ്ഢിവേഷം കെട്ടി മുട്ടിലിഴയുന്ന
പാഞ്ചാലിമാരിവിടെ വീണ്ടും പിറന്നിടാം ........

---------------------------------------------------------------

കണ്ണുകൾ കൂമ്പിയടച്ചു ഞാൻ നിൽക്കട്ടെ
കാതുകൾ വീണ്ടും ഞാൻ കൊട്ടിയടക്കട്ടെ
കേൾക്കേണ്ട കാണേണ്ട ക്രൂരമീ വാക്കുകൾ
കരൾ ചീന്തിയെറിയുന്ന നീച സത്വം.....അതിൽ
കനൽ കോരിയെറിയുന്ന മൂഡ്ഡതത്വം

ആയിരം ജന്മം തപസ്സു ചെയ്തീടിലും
ആയുസ്സു മുഴുവൻ വ്രതമെടുത്തീടിലും
ആർക്കും ലഭിക്കാത്ത ജീവിത സൗഭാഗ്യം
കാത്തു സൂക്ഷിക്കുന്നു കരളിന്നടിത്തട്ടിൽ
ആരോ വിരൽ തൊട്ടുണർത്തിയാ... സ്പന്ദനം

മരുപ്പച്ചകൾ പൂക്കും , പൂമണം ചേർന്നിടും ,
പൂവല്ലി ചെന്നങ്ങു മാരിവില്ലിൽ തൊടും
ആമ്പലും പൂവിടും, നറുതേൻ തുളുമ്പിടും
വണ്ടുകൾ വാനിൽ പറന്നു നടന്നിടും.

കണ്ണ് തുറക്കുവാൻ കൂട്ടാക്കിയില്ല ഞാൻ
കാതുകൾ പൊത്തിയമർത്തിപ്പിടിച്ചു ഞാൻ
കാലത്തെ വെല്ലും മനക്കരുത്തോടെ ഞാൻ
കാക്കുന്നു വീണ്ടുമാ കനിവിന്റെ സ്പർശനം

എന്റെ നെറുകിൽ തലോടും സു-
ദൃഡ്ഡവിരൽ സ്പർശനം

Comments

  1. മനോഹരം! നല്ല വരികള്‍...

    ReplyDelete

Post a Comment

Popular Posts