വഞ്ചകി

വഞ്ചകി
------------
എനിക്കിഷ്ടമല്ലയിവളെ , ഈ കണ്ണാടിയെ
ഈ വഞ്ചകിയെ, വാക്കിന് വ്യവസ്ഥയില്ലാത്തവളെ

പണ്ട് ഞാന്‍ ഇവളെ സൂക്ഷിക്കുവാനെല്‍പ്പിച്ച
എന്റെ കവിളിന്റെ തുടിപ്പുകള്‍ ഇവള്‍ ആര്‍ക്കോ കടം കൊടുത്തിരിക്കുന്നു
എന്നോടു ചോദിക്കാതെ,തിരികെ കിട്ടുമെന്നോരു ഉറപ്പ് പോലുമില്ലാതെ.
ഇവളെക്കാള്‍ തിളക്കം എന്റെ കണ്ണുകൾക്കാണെന്നു
ഞാന്‍ അഹങ്കരിച്ചിരുന്നു.

ഇന്നിവള്‍ എന്നെ കളിയാക്കിച്ചിരിക്കുന്നു.
എന്റെ കണ്‍ തടങ്ങളില്‍ പടരുന്ന ഇരുട്ടിനെ നോക്കി.

ഒരു പാട് ശ്രുമിച്ചു ഞാന്‍ ഇവളെ തോല്‍പ്പിക്കുവാന്‍,
ലേപനങ്ങള്‍ പുരട്ടി...

മനസ്സില്‍ പടര്‍ന്ന ഇരുട്ടിനെ മായ്ക്കാന്‍ ലേപനങ്ങൾക്കാവില്ലെന്നറിയും വരെ.
ഒന്നിച്ചു ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍...

മുഖത്തിന്റെ മങ്ങുന്ന പ്രകാശത്തെ പറ്റി,
നെറ്റിയില്‍ ഈയിടെ പ്രത്യക്ഷമായ ചുളിവുകളെ പറ്റി,
പ്രതീക്ഷയോടെ നോക്കുംബോളെല്ലാം
ക്രൂരമായ മൌനമാണ് മറുപടി.
അവളെന്നെ എന്നും ഭയപ്പെടുത്തിക്കൊണ്ടിരുന്നു.....

വില്ലുകള്‍ പോലുള്ള എന്റെ പുരികക്കോടികള്‍
കൊഴിയുന്ന വിവരവും അവളെന്നെ അറിയിച്ചപ്പോള്‍
നിസ്സഹായതയോടെ ഞാന്‍ അവളെ നോക്കി.

നിന്നെ വിശ്വസിച്ചേല്‍പ്പിച്ച സൌന്ദര്യമേവിടെയെന്ന്
ഞാന്‍ അവളോടു ചോദിച്ചു....

നിസ്സംഗതയോടെ അവള്‍ മുഖം തിരിച്ചു
.
ഇവള്‍ ധിക്കാരിയാണ്, എളിമ ഏതുമില്ലാത്തവൾ....
കണ്ണാടികള്‍ ഞാന്‍ മാറി മാറി നോക്കി
പുറകിലുയര്‍ന്ന ഇവളുടെ പരിഹാസച്ചിരികള്‍ക്കിടയിലും,

എല്ലാവരും ഇവളുടെ കൂട്ടാളികള്‍, വഞ്ചകര്‍ ,ദയാ ശൂന്യര്‍.
ഞാന്‍ ഇവളെ വിശ്വസിച്ചേല്‍പ്പിച്ചതെല്ലാം ഇവള്‍ കളഞ്ഞു തുലച്ചു
ഒരു മര്യാദയുമില്ലാതെ.
പൊരുതി നില്‍ക്കുകയാണ് ഞാന്‍ .....
അടിയറവ് പറയാന്‍ മനസ്സില്ലാത്തത് കൊണ്ട്
ബാക്കിയവശേഷിക്കുന്ന വശ്യതയെ
കൈ മോശം വരുത്താതെ.
വൃഥാ മല്‍സരിക്കുകയാണ് ഞാന്‍.....
പൊള്ളയായ വിശ്വാസത്തിന്‍ മേല്‍.
ഈ ജന്മം ഒരു കാലമിനിയും വരുമോ
ഈ നഷ്ടങ്ങളെല്ലാം തിരികെ പിടിക്കുവാന്‍?...
കാത്തിരിക്കുകയാണ് ഞാന്‍......
എന്റെ വ്യാമോഹച്ചരടില്‍ സ്വപ്ന മണികള്‍ കോര്‍ത്ത് കോര്‍ത്ത്.
തിരികെയെത്തും ഞാനൊരുനാള്‍
ഒരപൂര്‍വ മോഹിനിയായ്..... നിന്റെ മുന്നില്‍.......
അപമാന ഭാരത്താല്‍ ചിതറിത്തെറിച്ച നിന്റെ
ചില്ല് കൂമ്പാരത്തിൽ നിന്നോരെണ്ണം എടുത്തു
ഞാനെന്‍ കണ്ണിന്‍ കറുപ്പിന്റെ മാറ്റ് കൂട്ടും.
തിരികെയെത്തും ഞാനൊരുനാള്‍
ഒരപൂര്‍വ മോഹിനിയായ്.....
തിരികെയെത്തും ഞാന്‍...

Comments

  1. തിരികെയെത്തും ഞാനൊരുനാള്‍



    ഒരപൂര്‍വ മോഹിനിയായ്.....







    തിരികെയെത്തും ഞാന്‍...

    ReplyDelete

Post a Comment

Popular Posts