തളരുന്നു കൃഷ്ണാ...


കൃഷ്ണാ നീ എവിടെയാണ്?


ഈ കുരുക്ഷേത്ര ഭൂമിയിൽ എന്നെ കൈ പിടിചെഴുന്നെൽപ്പിക്കുവാൻ നീ  എത്താത്തതെന്താണ്?

ദുഷ്ശാശനന്മാർ   നാലു പാട് നിന്നും എന്റെ ചേലകൾ വലിച്ച്ചുരിയുന്നു കൃഷ്ണാ.

മുടിക്കുത്ത്തിൽ അമരുന്ന ബാലിഷ്ടങ്ങളായ കരങ്ങളെ വിടുവിക്കുവാൻ എനിക്കാവുന്നില്ല കൃഷ്ണാ.. 


കഷ്ടകാലമെന്നൊരു  കാലമുണ്ട്.

ശിഷ്ടകാലമെന്നൊന്നു  ബാക്കി നിർത്താതെ ആ നിമിഷം ഭൂമി പിളര്ന്നു അപ്രത്യക്ഷമാവാൻ
 കൊതിക്കുന്നൊരു കാലം. കിരീടവും ചെങ്കോലും സ്വന്തം അസ്തിത്വവും പോലും പണയപ്പെടുത്തിയാലും 
 മതി വരാതെ കിരാതന്മാർ അലറി വിളിക്കും. 


മണ്ണിൽ പൂണ്ട രഥ ചക്രമുയർത്താനവാതെ   ഉഴറുന്ന കർണ്ണന്റെ നിസ്സഹായതക്ക് നേരെ കൂരമ്പുകൾ തോടുക്കപ്പെടും. 
ഇല്ലാത്ത ഗുരു ദക്ഷിണയുടെ കണക്കു പറഞ്ഞു പെരു വിരലുകൾ  
അരുത്തെടുക്കപ്പെടും. അമ്മയുപെക്ഷിച്ച  പിഞ്ചു പൈതലിനെയും പേറി  അതിരഥന്റെയും
രാധയുടെയും കണ്ണിൽ പെടാത്ത ഒരു കുഞ്ഞു മഞ്ചം ലക്ഷ്യമില്ലാതെ ഒഴുകി നടക്കും 


കത്തിയമരുന്ന അരക്കില്ലങ്ങളുടെ പുറം വാതിലുകളിലൂടെ ഒളിച്ച്ചോടിയോടി എനിക്ക് മടുത്തു. 
ബ്രഹാന്നളയും ,സൈരന്ദ്രിയും,വലലനുമെല്ലം പല വട്ടം കെട്ടിയാടിയിട്ടും, ഇനിയും കെട്ടാൻ വേഷങ്ങൾ ബാക്കിയെന്നോ?


ഗാന്ധാരിയുടെ സഹനവും,കൌന്തെയന്റെ  അപമാനവും, ഘടോൽക്കചന്റെ അർപ്പണവും കടന്നു ഞാനിനി എങ്ങോട്ടാണ് നീങ്ങേണ്ടത്?


മുന്നിൽ നില്ക്കുന്ന ശത്രു പക്ഷത്തെ ഞാൻ മുഖമുയര്ത്തി  നോക്കാം. അവിടെ എന്റെ   ബന്ട്ധു 
മിത്രാടികളെയും ,ഗുരു കാരണവന്മാരെയും, മുത്തച്ച്ചനെയും വിസ്മരിക്കാം. നിൻറെപാഞ്ച ജന്യത്തിന്റെ ഊർജ
തരംഗത്തിൽ    അവരിൽ ഞാൻ ശത്രുവിനെ മാത്രം കാണാം,
ഞാൻ സംഹാര താണ്ടവമാടം. 


എല്ലാം കഴിഞ്ഞു കിരീടാവകാശിയായി ഞാൻ മടങ്ങി എത്തുമ്പോൾ എൻറെ
 നഷ്ടങ്ങളുടെ ആഴക്കടൽ നികത്തുവാൻ നിനക്കാവുമോ കൃഷ്ണാ?

ഇല്ല.     എനിക്കറിയാം.

പടി കയറി സ്വർഗ്ഗ വാതിൽക്കലെത്തുമ്പോൾ, പട്ടിയെ മാത്രം കയറ്റി വിടുന്ന  നിന്റെ കള്ള ന്യായം അന്നും
നിന്റെ ചുണ്ടിൽ വിരിഞ്ഞു നില്ക്കുന്നുണ്ടാവും .


കൃഷ്ണാ!      എനിക്ക് നിന്നെ അറിയാം..

Comments

  1. കൃഷ്ണാ! എനിക്ക് നിന്നെ അറിയാം..

    ReplyDelete

Post a Comment

Popular Posts