ഒരു ശരാശരി ഭാര്യയുടെ ശരാശരി കൃതജ്ഞത .


ഹർത്താലിനു നന്ദി....


അതിനായി ചില കരുക്കളിടക്കിടെ  കളത്തിലെക്ക്  എറിഞ്ഞിടുന്ന  സർക്കാരിനും  നന്ദി.


ഒരു നിയോഗം പോലെ എന്നും  രാവിലെ അഞ്ചു മണിക്കലാറം  വച്ചുറങ്ങുന്ന ഭർത്താവ്.


അലാറം വിളി തുടങ്ങുമ്പോൾ ഞാനോ നീയോ എന്നൊരു ബലാബലം നടത്തി, ഒടുവിൽ തോണ്ടിയും മാന്തിയും ഭര്ത്താവിനെ വിളിച്ചുണർത്തി അലാറത്തിന്റെ വായടപ്പിക്കുന്നു..അർദ്ധ വിരാമത്തിൽ  നീക്കി നിർത്തിയ കൂർക്കം വലി നിര്ബാധം തുടർന്ന് അദ്ദേഹം ഉറക്കം തുടരുമ്പോൾ, ഇനി ഉറങ്ങണമോ, ഉണരണമോ എന്ന ആശയക്കുഴപ്പത്തിൽ , മേൽക്കൂരയും നോക്കി  ഞാനും കിടക്കുന്നു.

കർഷകപ്പെൻഷനപെക്ഷിച്ച  ,എക്സ്- കർഷകന്റെ   സർക്കാർ ഓഫീസിലെത്തിയുള്ള ഓര്മ്മ പ്പെടുത്തൽ പോലെ,  നിവേദനങ്ങൾ അർപ്പിക്കാൻ ദിനം തിരിച്ചു തീരുമാനിച്ച ദൈവങ്ങളുടെ അടുക്കലേക്കു പോയ   ഭർത്താവ് ,തിരിച്ചു വന്നു ബ്രേക്ക്ഫാസ്റ്റ്  കഴിക്കുമോ, അതോ നേരിട്ട് കര്മ്മ നിരതനാവുമോ എന്ന്, വീട്ടിലിരിക്കുന്ന ദൈവങ്ങളോട് ഞാനും ചോദിക്കുന്നു

എല്ലാ കർമ്മത്തിനുമൊടുവിൽ ആകാമെങ്കിൽ  മാത്രം ചെയ്യേണ്ടുന്ന കർമ്മമായി ആഹാര്യത്തെ മാറ്റി വയ്ക്കുന്ന അദേഹത്തെ , രണ്ടു വയസ്സ് കാരനെ ഊട്ടുന്ന വാത്സല്യത്തോടെ ആഹാരം കഴിപ്പിക്കുന്നു.


ഷർട്ടിനു പകരം പാൻറ്സും , പാന്റ്സിന് പകരം ഷർട്ടും  മാറിയിടാതെ ശ്രദ്ധിച്ചു ,  അവസാന ഐറ്റം ആയ ഷൂസും ഫിറ്റ്ചെയ്തു , ലിഫ്റ്റിന്റെ സ്വിച്ച് മാത്രം ലക്ഷ്യമിട്ടോടുന്ന  അദേഹത്തിനു പിന്നാലെ ഓടി , ചിലവാകാതെ പോയ  'ടാറ്റാ ' യുമായി ഞാൻ മടങ്ങി വരുന്നു.


വൈകിട്ട് ഒരു മുഴു നീള യുദ്ധം കഴിഞ്ഞു പരിക്ഷീണനായി എത്തുന്ന അദേഹത്തിന്റെ മൊബൈൽ വിളികളെ തെറ്റിദ്ധരിച്ചു ഇല്ലാത്ത ചോദ്യത്തിനുത്തരം പറഞ്ഞും, വിളിക്കാത്ത വിളികൾക്ക്  മറു വിളി കേട്ടും ഞാൻ വലയുന്നു. ഒടുവിൽ സഹികെട്ട് പരാതിപ്പെട്ടിയുമായി അടുത്ത് ചെല്ലുമ്പോൾ.....


ലോക പൌരനായത് കൊണ്ടും, ലോക വിവരങ്ങൾ അറിയേണ്ടതും അന്വേഷിക്കേണ്ടതും അത്യാവശ്യമായത് കൊണ്ടും ദ്രശ്യ ,ശ്രവ്യ മാധ്യമങ്ങളിലേക്കും , പിന്നെ കയ്യിലിരിക്കുന്ന പത്രത്തളിലേക്കും മാറി മാറി നോക്കുന്ന അദ്ധേഹത്തിന്റെ , പാളിപ്പോകുന്ന ഒരു നോട്ടത്തിനു വേണ്ടി ഞാൻ ഇടയിൽ നിലയുറപ്പിക്കുന്നു....


ഒടുവിൽ ജീവിതത്തിനെ മെരുക്കാൻ അതിൻറെ ഏതു മർമ്മത്തിൽ പിടിക്കണമെന്നറിയാനുള്ള   വ്യഗ്രതയെ കാണുമ്പോൾ, അമ്പരപ്പിനെ കാണുമ്പോൾ ,ത്രാസിൽ ,പരാതിപ്പെട്ടിയുടെ ഭാരം വളരെ കുറവാണെന്ന്  മനസ്സിലാക്കി ....തൽക്കാലത്തെക്ക്  മാത്രം ഊരി വച്ച
പാൽപുഞ്ചിരിയുടെ  മുഖം മൂടി ഞാൻ വീണ്ടും എടുത്തണിയുന്നു.....


സർക്കാരിന് നന്ദി...

ഒരു ദിവസത്തേക്കെങ്കിലും എല്ലാ ചര്യകളും മാറ്റി മറിക്കുന്ന  ഹർത്താലിനു നന്ദി...

ഈയൊരു സുദിനത്തിൽ ജീവൻറെ സ്പർശമുള്ള സുന്ദര നിമിഷങ്ങൾ പങ്കു വച്ചു എന്റെ അരികിലിരിക്കുന്ന എന്റെ ഭര്ത്താവിനും നന്ദി.... 


Comments

Popular Posts