ഇവർക്ക് എന്താണ് സംഭവിക്കുന്നത് ?

ഇവർക്ക് എന്താണ് സംഭവിക്കുന്നത് ?
 -------------------------------------------------------------

കഴിഞ്ഞ വർഷം ഇടുക്കിയിൽ police ന് വേണ്ടിയുള്ള ഒരു 'training session ' ന് ഇടയിൽ S.I പറഞ്ഞ കഥയാണ് ഓർമവന്നത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ. ചോര നീരാക്കി, മകളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി  കൊടുത്തു  വളർത്തി.  Mobile phone കളുടെ  versions മാറുന്നതനുസരിച്‌  latest ഫോണുകൾ  മാറി  മാറി  വാങ്ങി  കൊടുത്തു.  ഒടുവിൽ  അവളാവശ്യപ്പെട്ട   laptop  മേടിക്കാൻ  കഴിയാതെ  വന്നപ്പോൾ  ഒരു  തുണ്ട്  കയറിലാടിക്കാണിച്  അവരെ വിഡ്ഢികളാക്കി കടന്നു  പോയ  ഒരു  16 വയസ്സുകാരിയുടെ  കഥ. 

പത്രം  തുറന്നപ്പോഴേ   ആ  വാർത്ത  കണ്ടപ്പോൾ ഇവിടെയും  കഥ  അതൊക്കെ  തന്നെ ആയിരിക്കുമെന്നാണ്  കരുതിയത്. 
"ദേവിക  എന്ന  ഒമ്പതാം  ക്ലാസ്സുകാരി  ആത്മഹത്യ  ചെയ്തിരിക്കുന്നു. "
പണ്ടൊക്കെ  ഇങ്ങിനെയൊരു  വാർത്ത  കേട്ടാൽ മരിച്ച  കുട്ടിയോടായിരുന്നു  സഹതാപം  മുഴുവൻ. പക്ഷെ  നമ്മൾ  എത്തി  നിൽക്കുന്നത്  ആ  സ്ഥാനത്തായതു  കൊണ്ടായിരിക്കാം, ആദ്യം  ഓർമ്മ  വരുന്നത്  അവനെ / അവളെ  ഇത്രത്തോളം  വളർത്തിയെടുക്കാൻ  പെടാപാട്  പെട്ട  അച്ഛനമ്മമാരെ  കുറിച്ചാണ്.  അതും  ഈ  ദാരിദ്ര്യത്തിന്  നടുവിൽ.  
ഭക്ഷണത്തിന്റെ  സത്തായ  ഭാഗങ്ങൾ  അവൾക്കായി  മാറ്റി  വച്ച്   അവർ  എത്ര  ദിവസങ്ങൾ  പട്ടിണി  കിടന്നിട്ടുണ്ടാവാം.  എത്ര  രാത്രികൾ  അവൾക്കു  വേണ്ടി ഉറക്കമൊഴിഞ്ഞിട്ടുണ്ടാകാം. ഇത്രകാലം  ആയുസ്സും  ആരോഗ്യവും  അവൾക്കു  വേണ്ടി  പൊലിച്ച  അവരെ  വെറും  നോക്ക്  കുത്തികളാക്കി അവൾ  പോയി. 

 "ഇവിടെ  എന്താണ്  കാരണം? "

സ്നേഹ നിധികളായ  എല്ലാ  അച്ഛനമ്മമാർക്കും  പറ്റുന്ന  ആ  പതിവ്  തെറ്റാണോ?  .  'NO' എന്ന വാക്ക്  ഒരിക്കൽ  പോലും  കേൾക്കാൻ  അവസരം  കൊടുക്കാതെ  കുഞ്ഞുങ്ങളുടെ  എന്താവശ്യവും  ഏതു  വിധേനയും  നിറവേറ്റികൊടുക്കുന്നവർ. "നമ്മൾക്ക് അനുഭവിക്കാൻ  കഴിയാത്ത  സൗഭാഗ്യങ്ങൾ  മക്കളെങ്കിലും  അനുഭവിക്കട്ടെ  " എന്ന  അമിത  വാത്സല്യം. " തങ്ങൾ  അനുഭവിക്കുന്ന ദാരിദ്ര്യവും,   ദുരിതവും ഒരിക്കലും കുഞ്ഞുങ്ങളെ  അറിയിക്കരുത് "   എന്ന  നിഷ്കളങ്ക  സ്നേഹത്തിന്റെ  പടു  വിഡ്ഢിത്തം.  

"Gratification postpone  " ചെയ്യുക  എന്ന  വലിയ  ജീവിത പാഠം  പഠിക്കാൻ  അവസരം  കൊടുക്കാതെ വളർത്തി  ,  ഒടുവിൽ  ജീവിതത്തിൽ  ഒരു  ചെറിയ  എതിർപ്പിന്  മുന്നിൽ,  ഒരു  ചെറിയ  'no' ക്ക്  മുന്നിൽ, ചെറിയ  ഒരു  തോൽവിക്ക്  മുന്നിൽ  മക്കൾ  തകർന്നു  തരിപ്പണമാകുന്നത്  നിസ്സഹായരായി  നോക്കി  നിൽക്കേണ്ടി  വരുന്നവർ.

പക്ഷെ  ഇവിടെ  അങ്ങിനെയല്ല. അവരുടെ  ഇല്ലായ്മയിൽ  അവൾക്ക്  വേവലാതി  ഉണ്ടായിരുന്നു  എന്ന്  ആ അച്ഛൻ  എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും  അവൾക്ക്  എങ്ങിനെ  തോന്നി എന്നന്നേക്കുമായി  അവളുടെ  അച്ഛനമ്മമാരെ  പരാജയപ്പെടുത്താൻ. 
ജീവിത  കാലം  മുഴുവൻ  കുറ്റബോധത്തിന്റെ  ഉമി   തീയിൽ  നീറി  തീരാൻ  അവരെ  തള്ളി  വിടാൻ.

അവരുടെ  ഇല്ലായ്മകൾ  അറിഞ്ഞും,  അംഗീകരിച്ചും  വളർന്നവളാണെങ്കിൽ  പിന്നെ  

"ആരാണ്  ഇവിടെ  വില്ലൻ."? 

  ആത്മഹത്യ ചെയ്ത  ദേവികയുടെ  അച്ഛൻ  പറയുകയുണ്ടായി,  അവൾ ചെറിയ  കാര്യങ്ങളിൽ പോലും  വേവലാതിപ്പെടുന്ന  പ്രകൃതക്കാരി  ആയിരുന്നു  എന്ന്.  പഠിക്കാൻ  മിടുക്കിയായിരുന്നത്  കൊണ്ട്  തന്നെ  മാർക്ക്  ചെറുതായി  കുറഞ്ഞാൽ  പോലും  അതവളെ  വല്ലാതെ അലട്ടിയിരുന്നു  എന്ന്.  ഇവിടെ  പലപ്പോഴും  ഉണ്ടാകുന്നത് "  'അധികമായാൽ  അമൃതും  വിഷം' എന്ന  അവസ്ഥയാണ്. 

കുട്ടികൾക്ക്  സ്ഥിരോത്സാഹവും  ലക്ഷ്യ  ബോധവും  എല്ലാം  ഉണ്ടാക്കി കൊടുക്കുമ്പോൾ  പോലും,  ഒരു  പരിധി  വിട്ട്  അത്  അവരെ  അമിത ഉത്കണ്ഠയിലെക്ക്  നയിക്കുന്ന  ആവസ്ഥ  ഉണ്ടാവരുത്.  പത്താം  ക്ലാസിലെ  ഒരു  മാർക്കിലോ,  പ്ലസ്  2 റിസൾട്ടിലോ , ഒരു  പ്രണയ പരാജയത്തിലോ പൊലിഞ്ഞു  പോകുന്നതാവരുത്  അവരുടെ  ആത്മ  ധൈര്യം. ഒരു  പരീക്ഷയുടെ  വിജയത്തിനോ,  ഒരു ജോലി  നേടലിനോ  ഉപരി  ജീവിതത്തിൽ  ഒരു  പാട്  സാദ്ധ്യതകൾ  ഉണ്ടെന്നും,  നിസ്സാര കാര്യങ്ങളാൽ  ഇല്ലാതാക്കുന്നതിലുപരി  ജീവിതത്തിനു  ഒരു  പാട്  മൂല്യമുണ്ടെന്നും  അവർ  മനസ്സിലാക്കണം. 
ചെറിയ  തോൽവികളിൽ  അപ്പാടെ  തോറ്റു  പോകുന്നവരായിട്ടല്ല,  മറിച്  ക്ലാസ്സുകളിലെ  പരീക്ഷയെക്കാളുപരി ജീവിത  പരീക്ഷകളെ  അഭിമുഖീകരിക്കാനും ,  വിജയിക്കാനും  ത്രാണി  ഉള്ളവരായി  അവർ വളരണം. ജീവിതത്തിലെ  ചെറുതും  വലുതുമായ  പരീക്ഷണങ്ങളെ  നേരിടുവാൻ  കരുത്തുള്ള  വ്യക്തിത്വം  ഉള്ളവരായിരിക്കണം  അവർ. തോൽവിയെ  വിജയത്തിന്റെ  ചവിട്ടുപടിയായി  കാണാനും ,  സ്വന്തം  പരാജയത്തിൽ  ആദ്യം  ചിരിക്കുന്ന  ആളായി  മാറാനും  അവർക്കു  കഴിയണം. 

'No situation  is permanent '  എന്ന  ആപ്ത  വാക്യം  ദുഃഖത്തിൽ  നീറുമ്പോളും,  സുഖത്തിൽ  അഹങ്കരിക്കുമ്പോളും  ഒരേ  പോലെ  നമ്മുടെ  കണ്ണ്  തുറപ്പിക്കുന്നതാണ്.  ഇന്ന് കിട്ടാതിരുന്നത്  നാളെ  എനിക്ക്  കിട്ടിയേക്കാം  എന്ന  ശുഭാപ്തി  വിശ്വാസം . ആഗ്രഹ  സഫലീകരണത്തിന്  വേണ്ടി  കുറച്ചു  കൂടി  കാത്തിരിക്കുവാനുള്ള  ക്ഷമയും  സഹിഷ്ണുതയും.  ഇതെല്ലാം  അവർക്കുണ്ടാകണം. ആ പെൺകുട്ടി  വെറും  ഒന്നോ രണ്ടോ  ദിവസം  കാത്തിരിക്കുവാനുള്ള  ക്ഷമ  കാണിച്ചിരുന്നെങ്കിൽ  കഥയാകെ  മാറിയേനെ. അവളുടെ  ജീവിതം  തന്നെ  മാറി  മറിഞ്ഞേനെ.  

ഞാൻ  ഇത്  post  ചെയ്യുന്നതിനുള്ളിൽ  അടുത്ത  ഒരു  ദാരുണ  സംഭവം കൂടി  നടന്നിരിക്കുന്നു.  അഞ്ജു  എന്ന  degree final  year ൽ  പഠിക്കുന്ന  പെൺകുട്ടി അപമാനം  സഹിക്ക  വയ്യാതെ  ആത്മഹത്യ ചെയ്തിരിക്കുന്നു.  അത്ഭുതവും  വിഷമവും  ഒരു  പോലെ  തോന്നുന്നു.  
ഇതിനൊരു  പരിഹാരം  വേണം.  പരാജയങ്ങളെയും  പരിഹാസങ്ങളെയും സധൈര്യം  നേരിടാനും, അവയെ  ഊതിക്കാച്ചി  പൂർവാധികം  തെളിഞ്ഞു  വരുവാനുള്ള  അവസരമായി  കാണാനും  അവർക്കു  സാധിക്കണം.
 ലോകത്തിലെ  ഏറ്റവും  വേഗതയുള്ള  മൃഗമായ  ചീറ്റ,  എത്രയോ  പ്രാവശ്യം  മാനിന്റെയും,  വെറും  മുയലിന്റെയും  മുന്നിൽ  തോൽക്കുന്നുണ്ട്.  ഒരു  ചീറ്റ  പോലും  മനം  നൊന്ത്  തൂങ്ങിച്ചത്തതായി  നമ്മുടെ  അറിവിലില്ല.  ചിന്താ  ശേഷിയും,  വിശകലന ബുദ്ധിയും,  ക്ഷമയും, വിവേകവും  പോലുള്ള വിശേഷ  ബുദ്ധികൾ  ഏറ്റവും  കൂടുതലുള്ള  ജീവി  മനുഷ്യനാണ്. എന്നിട്ടും  മനുഷ്യൻ  മാത്രമാണ്  ഇത്തരം  പിടിപ്പു  കേടുകൾ  ചെയ്യുന്നതും. ഈ  വിശേഷ  ബുദ്ധികൾ  കുറച്ചു  കൂടി  ക്രിയാത്മകമായും  പോസിറ്റിവ്  ആയും  പ്രയോഗിക്കാൻ  നമ്മുടെ  കുഞ്ഞുങ്ങൾക്ക്  കഴിയണം. 

എന്തൊക്കെ  ആയാലും  ഇനി  ഇത്തരം  ദാരുണ  സംഭവങ്ങൾ  ഉണ്ടാവാതിരിക്കട്ടെ. ദാരിദ്ര്യത്തിന്റെ  തീരക്കയതിൽ  കുരുന്നു  സ്വപ്‌നങ്ങൾ  പൊലിഞ്ഞു  പോകാതിരിക്കട്ടെ.  

എല്ലാത്തിലും  ഉപരി  സംരക്ഷിക്കേണ്ടവർ  വിശപ്പിന്റെ  പുകച്ചിലും,  കണ്ണീരിന്റെ  എരിച്ചിലും  അറിയുന്നവരാകട്ടെ. സുരക്ഷയും  സമാധാനവും  നൽകേണ്ട  ഭരണ  കർത്താക്കളുടെ  ലക്ഷ്യം  ജന  സേവനം  എന്നതിൽ  നിന്ന്  സ്വയം  സേവനം  എന്നതിലേക്ക്   മാറുമ്പോൾ  സംരക്ഷിക്കപ്പെടെണ്ടവർ അവഗണിക്കപ്പെടുന്നു,  അനർഹർ  സൽക്കരിക്കപ്പെടുന്നു. വിളബുന്നതിന്റെ  മാനദണ്ഡം  വിശപ്പ്  മാത്രമായിരിക്കണം . അവിടെ  ജാതിയോ,  മതമോ,  നിറമോ   ഉണ്ടാവരുത്.  

നീതി  ദേവത  കണ്ണ്  തുറക്കട്ടെ.  ഇനി  ഒരു  കിളിന്തു  ജീവിതവും  ഇവിടെ  എരിഞ്ഞു  തീരാതിരിക്കട്ടെ.  ഇനി  ഒരു  അച്ഛനമ്മമാരുടെയും  പൊള്ളുന്ന  കണ്ണ്  നീർ  ഈ  ഭൂമിയിൽ  വീഴാതിരിക്കട്ടെ.

Comments

Popular Posts