അങ്ങിനെയും ഒരു ഓണക്കാലം - 3

പൂവട
----------

  ഓണം എന്നല്ല , ഏതു വിശേഷ ദിവസത്തേക്കുറിച്ചുള്ള ഓർമകളിലും ആദ്യം തെളിയുന്നത് അമ്മയുടെ വെപ്രാളം പിടിച്ചുള്ള മുഖവും വിയർത്തു കുളിച്ചുള്ള രൂപവും ആണ് . കാരണം ഏതു വിശേഷ ദിവസങ്ങളായാലും സദ്യ ഉണ്ടാക്കുക എന്നത് ഒരു വലിയ കടമ്പ ആയിരുന്നു . സദ്യ ഉണ്ടാക്കുക എന്നതിനേക്കാൾ ഉപരി അത് കുറഞ്ഞപക്ഷം ഒരു രണ്ട് മണിക്ക് മുൻപെങ്കിലും കഴിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലു വിളി .

അച്ഛന് അത്യാവശ്യം പാചകമൊക്കെ അറിയാമായിരുന്നു എങ്കിലും അങ്ങിനെ ഇങ്ങിനെയൊന്നും അച്ഛൻ അടുക്കളയിൽ കയറുന്നതു ഞാൻ കണ്ടിട്ടില്ല . അച്ഛൻ അടുക്കളയിൽ കയറുന്ന അപൂർവ്വം ചില ദിവസങ്ങളാണ് ഓണവും വിഷുവും. അത് മിക്കവാറും പായസത്തിനും സ്റ്റുവിനും തേങ്ങ പിഴിയുവാനും പിന്നെ പപ്പടം കാച്ചുവാനും ആയിരുന്നു .

എന്റെ ജോലി അമ്മയോടൊപ്പം അടുക്കളയിൽ എന്തെങ്കിലുമൊക്കെ സഹായിക്കുക എന്നതായിരിക്കും . ചേട്ടനാണ് പറമ്പിൽ നിന്ന് ഇല മുറിച്ചു കൊണ്ട് വരിക. അനിയന് പലപ്പോഴും അസിസ്റ്റന്റ് ജോലി ആയിരിക്കും. അമ്മയുടെ നിർദ്ദേശത്തിനനുസരിച്ച് ഗണപതിക്കു ഒരു ചെറിയ തൂശനില്ല 4, 5 വലിയ തശനിലകൾ , പിന്നെ കുറച്ചു കീറ്റിലകളും. എല്ലാം ശേഖരിക്കണം. കീറ്റിലകൾ തലേ ദിവസം തന്നെ കുറെ മുറിച്ചിട്ടുണ്ടാവും . അത് അടയുണ്ടാക്കാനാണ് ..

 ശർക്കരയില്ലാതെ നാളികേരം മാത്രം വച്ച പൂവട , ശർക്കരയും തേങ്ങയും വച്ചു ആവിയിൽ പുഴുങ്ങിയെടുത്ത അട . പിന്നെ പഴം നുറുക്ക്, ചുട്ടതും, പുഴുങ്ങിയതും.... അങ്ങിനെ അങ്ങിനെ.... ചാണകം മെഴുകിയ തറയിൽ ഇല വച്ച് ഇലയിൽ അരിമാവ് കൊണ്ട് അലങ്കരിച്ചു ഓണത്തപ്പനെയും മുത്തിയമ്മയെയും എല്ലാം വക്കാനും കീറ്റില വേണം . ഓണത്തപ്പൻ, മുത്തിയമ്മ, ആട്ടുകല്ല്, അരകല്ല്, ചിരവ മുതലായവ , പാടത്ത് നിന്ന് കൊണ്ട് വന്ന നല്ല മിനുത്ത മണ്ണിൽ കുഴച്ചു ഉണ്ടാക്കും.

അങ്ങിനെ അടുക്കളയിലും പുറത്തുമെല്ലാം എല്ലാവരും ഓടി നടന്ന് കാര്യങ്ങൾ ഒക്കെ ചെയ്യും . ഇടയ്ക്കു t v യിലെ ഓണം സ്പെഷ്യൽ കോമഡി ഷോയും മറ്റും കാണാൻ വിളിക്കുമ്പോൾ സമയം ഇല്ലായ്മയിലും അതും ഒന്ന് നോക്കാനും ആസ്വദിക്കാനും സമയം കണ്ടെത്തും. ഉച്ചക്ക് ഒരു ഒന്ന് ഒന്നര വരെ കാര്യങ്ങൾ ഇങ്ങിനെ ജോളിയായി കടന്നു പോകും. പക്ഷെ അത് കഴിഞ്ഞാൽ കഥ മാറുകയായി . കാര്യങ്ങൾ കുറച്ചു കൂടി ധൃതിയിലാവും. നിലത്ത് ഇരുന്നു തന്നെ സദ്യ ഉണ്ണുക എന്നത് നിർബന്ധമുള്ള കാര്യം ആയിരുന്നു. ഇല വക്കാനുള്ള സ്ഥലം വൃത്തിയാക്കണം. ഇരിക്കുവാനുള്ള വീതികുറഞ്ഞ ചെറിയ പായ വിരിക്കണം. കറികളെല്ലാം ചെറിയ ചെറിയ പാത്രങ്ങളിലേക്ക് പകർത്തണം . പിന്നെ ഒരു വെപ്രാളമാണ് . ഈ വെപ്രാളത്തിന് തക്കതായ ഒരു കാരണവും ഉണ്ട് .

Comments

Popular Posts