എന്റെയോർമ്മകൾ (4) --------------------------------- ഉപ്പാപ്പൻ --------------

എന്റെയോർമ്മകൾ (4) 
ഉപ്പാപ്പൻ
 -----------------------------------------

 വീടിന്റ ഇരു വശവും താമസിക്കുന്നവർ കൊച്ചാൽ എന്ന് പേരുള്ളവർ ആയിരുന്നു. അതിൽ കിഴക്ക് വശത്തുള്ള കൊച്ചാലിന്റെ ഭാര്യ കാർത്തു ആയിരുന്നു. അവർക്കു മൂന്നു മക്കൾ. പടിഞ്ഞാറു വശത്തുള്ള കൊച്ചാലിന്റെ ഭാര്യ കാളുറുമ്പ ആയിരുന്നു. അവരുടെ നാല് മക്കളിൽ ഒരാളായ കുമാരിയും കാളുറുംമ്പയും ആയിരുന്നു ഞങ്ങളുടെ വീട്ടിൽ അമ്മക്ക് സഹായത്തിനു വന്നിരുന്നത്. ജാതി മത ഭേദമെന്യേ, മുതിർന്നവരെ ആരെയും പേര് വിളിക്കാൻ പാടില്ല എന്നത് ഞങ്ങളെ ചെറുപ്പത്തിലേ ശീലിപ്പിച്ചിട്ടുണ്ട്. അത് മൂലം ഞങ്ങൾ കുട്ടികൾ കാർത്തുവിനെ കാർത്തുമ്പ എന്നും, കാളുറുംമ്പയെ കുറുമ്പാച്ചി എന്നുമാണ് വിളിച്ചിരുന്നത്. കൊച്ചാലുകളിൽ ആരെങ്കിലും അച്ഛനെ കാണാൻ വന്നാൽ ഞങ്ങൾ കൊച്ചാൽ മൂപ്പൻ വന്നിരിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. പലപ്പോഴും പല പേരുകളുടെയും ഉത്ഭവം അറിയാൻ എനിക്ക് കൗതുകം തോന്നാറുണ്ട്. പക്ഷെ ഈ കൊച്ചാൽ എന്ന പേരിന്റെ ഉത്ഭവം മാത്രം എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. കിഴക്ക് വശത്തുള്ള കൊച്ചാലിന്റെയും കാർത്തുവിന്റെയും വീട്ടിൽ പ്രായമുള്ള ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം അവരിൽ ആരുടെ അച്ഛനായിരുന്നു എന്ന് എനിക്കറിയില്ല. ഉപ്പാപ്പൻ എന്നായിരുന്നു അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. കുറിയ ശരീരവും, വെളുത്ത കുറ്റിതലമുടിയും കുടവയറും ഉള്ള ഉപ്പാപ്പൻ പാമ്പ് പിടുത്തത്തിൽ അഗ്രഗണ്യൻ ആയിരുന്നു. വീട്ടിൽ പാമ്പ് ശല്യം രൂക്ഷമായ കാലങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന്റെ സേവനം ഞങ്ങൾ സ്വീകരിച്ചിരുന്നു. സാധാരണ വടിയും പത്തലും വച്ച് പാമ്പുകളെ കൊല്ലുന്നതു പോലെ ആയിരുന്നില്ല ഉപ്പാപ്പന്റെ രീതി. പാമ്പിന്റെ അടുത്തെത്തിയാൽ അദ്ദേഹം അതി വിദഗ്ദമായി അതിന്റെ വാലിൽ പിടിക്കും. എന്നിട്ട് മൂന്നു നാല് കറക്ക് കറക്കിയിട്ട് ഒരൊറ്റ ഏറാണ്. എങ്ങോട്ട്? പുറകു വശത്തെ പാടത്തേക്ക്. പാമ്പ് നട്ടെല്ലിന്റെ alignment എല്ലാം തെറ്റി ഒടിഞ്ഞു മടങ്ങി ചത്തു മലച്ചു കിടക്കും. ഞാനിതേ വരെ ഇതൊന്നും നേരിട്ട് കണ്ടിട്ടില്ലെങ്കിലും, പലരും പറഞ്ഞ് അതേപ്പറ്റി ഞാനും ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം പതിവ് പോലെ വീട്ടിനുള്ളിലൊ പരിസരത്തോ ഒരു മൂർഖനെ കാണുകയും അതിനെ കൊല്ലുകയും ചെയ്തിരുന്നു. അന്നൊരു വെള്ളിയാഴ്ചയോ മറ്റോ ആയിരുന്നു. പിറ്റേന്ന് ശനിയാഴ്ച മുടക്കദിവസം ആയിരുന്നതിനാൽ ഞങ്ങൾ എല്ലാവരും കൂടി എറണാകുളത്തിന് പോയി. അന്നൊക്കെ എല്ലാവരും ഒരുമിച്ച് പുറത്തു പോക്കെല്ലാം വളരെ അപൂർവമായിരുന്നു. വല്ലപ്പോഴും ഒന്ന് പാർക്കിൽ, അല്ലെങ്കിൽ ഒരു സിനിമക്ക്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നത് , കോഴിക്കോട് അച്ഛന്റെ വീട്ടിൽ നിന്നും ആരെങ്കിലും വിരുന്നു വരുമ്പോളൊക്കെ മാത്രമായിരുന്നു. ഒരു പാട് വിചിത്ര സംഭവങ്ങൾ നടന്ന ഒരു ദിവസമായിരുന്നു അത്. തുടരും.....

Comments

Popular Posts