അങ്ങിനെയും ഒരു ഓണക്കാലം - 4 ഒച്ചയില്ലാത്ത ആർപ്പോ വിളികൾ ----------------------------

ഒച്ചയില്ലാത്ത ആർപ്പോ വിളികൾ
-------------------------------------------------

 അടുത്ത ഓണത്തിന് മുൻപെങ്കിലും ഇത്തവണത്തെ ഓണക്കഥ പറഞ്ഞു തീർക്കണമല്ലോ. ഓണസദ്യ ഉണ്ണാറാവുമ്പോളേക്കുമുള്ള വെപ്രാളത്തിന്റെ കാര്യമാണ് പറഞ്ഞു വന്നത്.

എന്റെ അമ്മയുടെ മൂത്ത ജ്യേഷ്ഠൻ ആയ ഞങ്ങളുടെ ഒരേയൊരു അമ്മാവൻ, സാധാരണ വിശേഷ ദിവസങ്ങളിൽ
വീട്ടിലെ ഊണ് കഴിഞ്ഞ്, തറവാട്ടിൽ അമ്മുമ്മയുടെ അടുത്തു വരും. അവിടുത്തെ സദ്യയിലും, പായസമോ മറ്റോ കുടിച്ച് ചെറുതായി ഒന്നു കൂടിയ ശേഷം നേരെ ഞങ്ങളുടെ വീട്ടിലേക്കു വരും.

 വിശേഷ  ദിവസങ്ങളിൽ   ഈ സന്ദർശനം അമ്മാവന്റെ പതിവാണ്.  മിക്കവാറും ഊണ്   തുടങ്ങുന്നതിനു മുൻപേ അമ്മാവൻ എത്തും. മുറ്റത്ത് എത്തുമ്പോൾ ഒരു മുരടനക്കം കൊണ്ടോ, കുട്ടീ എന്നൊരു വിളി കൊണ്ടോ അമ്മാവൻ തന്റെ സാന്നിധ്യം അറിയിക്കും. മിക്കവാറും അമ്മാവൻ വരുമ്പോൾ ഇവിടെ ഇല  വക്കുന്നതേ ഉണ്ടാവുള്ളു.

അത്ര സമയമായിട്ടും ഊണ് കഴിഞ്ഞില്ല എന്ന് കാണുമ്പോളുള്ള അമ്മാവന്റെ "ആഹാ ഇത്രേ ആയുള്ളോ " എന്ന കമന്റിൽ നിന്നും, പിന്നെ അതിനു പിന്നാലെയുള്ള ഒരു ചിരിയിൽ നിന്നും രക്ഷപ്പെടാനാണ് അവസാന നിമിഷമുള്ള ആ വെപ്രാളം.എന്നാൽ ഒരിക്കൽ പോലും അമ്മാവൻ എത്തുന്നതിനു മുൻപ് സദ്യ  റെഡിയാക്കുക എന്ന സൽസ്വഭാവം  ഞങ്ങളും  കാണിച്ചില്ല. 

സത്യം പറഞ്ഞാൽ ഈ വെപ്രാളം എന്നത് ഓണത്തിന്റെ അന്ന് രാവിലെ തന്നെ തുടങ്ങുന്നതാണ്. അതിനു കാരണക്കാർ പടിഞ്ഞാറു വശത്തുള്ള കൊച്ചാലും കുടുംബവുമാണ്. അവിടെ അവർ വെളുപ്പിനെ മൂന്നര നാലാവുമ്പോളേക്കും കുരുത്തോല കൊണ്ടെല്ലാം ഗംഭീരമായി അലങ്കരിച്ച ഓണത്തറയിൽ അതി ഗംഭീര വര വേൽപ്പ് നടത്തിയിരിക്കും. "അർപ്പൂവേ ര്യോ ര്യോ " എന്ന് എട്ടു ദിക്കും പൊട്ടുമാറ് വിളിച്ചു കൂവിയിട്ടുമുണ്ടാവും. അതിനെ തുടർന്ന് അടുത്തു പല ദിക്കിൽ നിന്നും ആർപ്പ് വിളികൾ ഉയരാൻ തുടങ്ങും...

 ഇവിടെ പാവം അമ്മ കുളിച്ച് അടയൊക്കെ ഉണ്ടാക്കി ഞങ്ങൾ മൂന്നെണ്ണത്തിനെയും കുത്തി പൊക്കി, കുളിച്ചിട്ടും ഉറക്കച്ചടവ് മാറാതെ മുനിഞ്ഞു കുത്തി ഇരിക്കുന്ന ഞങ്ങളെക്കൊണ്ട് ഓരോന്നൊക്കെ പറഞ്ഞ് ചെയ്യിച്ച്, എതിരെൽപ്പിനായി ഗെയിറ്റിന്നരികിൽ എത്തുമ്പോളേക്കും, നേരം വെളിച്ചയായി ഏകദേശം ഒരു ആറര, ഏഴ്, ഏഴര ഒക്കെ ആയിട്ടുണ്ടാവും. പിന്നെ തകൃതിയിൽ ചാണകം മെഴുകി അരിമാവ് കൊണ്ട് അലങ്കരിച്ച തറയിൽ വിളക്കും കിണ്ടിയും അടയും എല്ലാം ഒരുക്കിവച്ച് എതിരെൽപ്പിനുള്ള തത്രപ്പാടായി .

 അപ്പോളേക്കും അച്ഛനും കുളിച്ചു വന്നിട്ടുണ്ടാകും. ആ സമയമാകുമ്പോളേക്കും റോഡിൽ ആൾ സഞ്ചാരം കൂടിതുടങ്ങിയിട്ടുണ്ടാകും. എങ്ങിനെയെങ്കിലും എതിരെൽപ്പ്
കഴിഞ്ഞ് അകത്തു  കടന്നാൽ  മതി എന്നാകും. റോഡിലൂടെ നോക്കികൊണ്ട് കടന്നു പോകുന്നവരുടെ മുഖത്ത് നോക്കാതെ , തൊട്ടടുത്തു എതിരെൽപ്പിനായി വന്നു കാത്ത് നിൽക്കുന്ന മാവേലിക്കു മാത്രം കേൾക്കാൻ പാകത്തിന്, പതിഞ്ഞ സ്വരത്തിൽ,  "ആർപ്പൂവേ ര്യോ ര്യോ "എന്ന് ആർപ്പ് വിളിച്ച് ഞങ്ങൾ പതുക്കെ ഗേറ്റ് കടന്നു ഉമ്മറത്തേക്ക് നീങ്ങും. തുമ്പക്കുടവും,കുരുത്തോലയും, ചെത്തിപ്പൂവും നിറച്ച കുട്ടയുമായി, അമ്മ പറഞ്ഞ പാകത്തിന് അത് വഴിയിൽ വിതറിക്കൊണ്ട് മുൻപിൽ ചേട്ടൻ. അതിനു പിന്നിൽ വിളക്കുമായി അമ്മ, കിണ്ടിയും വെള്ളവും, ചന്ദനത്തിരിയും, നേദിച്ച അടയും മറ്റുമായി ഞാനും അനിയനും ഒപ്പം അച്ഛനും അകത്തേക്ക്. അങ്ങിനെ ആഘോഷവും, വെപ്രാളവും ആരും കേൾക്കാത്ത ആർപ്പ് വിളിയുമൊക്കെയായി ഒരു ഓണം കൂടി കടന്നു പോകും ....

Comments

Popular Posts