എന്റെയോർമ്മകൾ (5)

 ഒരു പ്രതികാര കഥ
 -----------------------------

 അങ്ങിനെ ആ ദിവസം വന്നു. തലേ ദിവസം ഞങ്ങളുടെ വീട്ടിൽ ഒരു മൂർഖൻ പാമ്പിനെ കൊന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. പിറ്റേന്ന് ഞങ്ങൾ എല്ലാവരും കൂടി എറണാകുളത്ത് സിനിമക്കോ മറ്റോ പോയിരിക്കുകയായിരുന്നു . എന്റെ അമ്മയുടെ തറവാട് മാളിക എന്നാണ് അറിയപ്പെട്ടിരുന്നത്. പഴയ വാസ്തു പ്രകാരമുള്ള ഒരു രണ്ടു നില മാളികയായിരുന്നു അത്.

മനുഷ്യരെയും വീടുകളെയും മതിലുകൾ കെട്ടി തിരിക്കാതിരുന്ന ആ കാലത്ത് രണ്ടു വീടുകൾ തമ്മിലുള്ള അതിരുകൾ വേർതിരിച്ചിരുന്നത്, ചെറിയ വരമ്പുകളോ മറ്റോ കൊണ്ടായിരുന്നു. മാളികയുടെ മുറ്റത്തെ ചെറിയ വരമ്പു കഴിഞ്ഞാൽ നാലുകെട്ടാണ്. നടുമുറ്റവും, മച്ചും ഒരുപാട് മുറികളുമുള്ള ആ വീട്ടിൽ ഒരു വല്യച്ഛനും , വല്യച്ഛന്റെ മക്കളായ അമ്മാവന്മാരും, ചിറ്റയും മറ്റുമാണ് താമസിച്ചിരുന്നത്. ഇവരെ കൂടാതെ മറ്റു രണ്ട് പേര് കൂടി അവിടെ താമസിച്ചിരുന്നു. നാട്ടിമ്മാൻ എന്ന് വിളിക്കുന്ന നാരായണൻ കുട്ടി മാമനും, രാച്ചിറ്റ എന്ന് വിളിക്കുന്ന രാധ ചിറ്റയും. വല്യച്ഛന്റെ പേര് രാഘവൻ എന്നാണ് എന്റെ ഓർമ. നാലുകെട്ടിലെ വല്യച്ഛനെ ഞങ്ങൾ നാലേട്ടിലെ വല്യച്ഛൻ എന്നാണ് വിളിച്ചിരുന്നത്.

അങ്ങിനെ അന്ന് വൈകുന്നേരം  നലേട്ടിലെ വല്യച്ഛൻ മുടി വെട്ടിക്കാനോ നടക്കാനോ മറ്റോ ഞങ്ങളുടെ വീടിന്റെ മുന്നിലൂടെ പോയപ്പോൾ ഒരു കാഴ്ച കണ്ടു. 

യൂണിവേഴ്സിറ്റി കോമ്പൗണ്ടിൽ നിന്ന് ഒരു പാമ്പ് റോഡ് ക്രോസ്സ് ചെയ്ത് ഞങ്ങളുടെ വീടിനെ ലക്ഷ്യമിട്ടു നീങ്ങുന്നു. പടിഞ്ഞാറു വശത്തുള്ള കൊച്ചാലിന്റെയും കുറുമ്പാച്ചിയുടെയും ഇളയ മകൻ മണി സൈക്കിളിൽ പോകുമ്പോൾ ഒരു സംഭവം
 ഉണ്ടായി. ഞങ്ങളുടെ വീടിനു മുന്നിലെത്തിയപ്പോൾ പെട്ടെന്ന് ഒരു പാമ്പ് സൈക്കിളിനു നേരെ ചീറ്റിയടുത്തു അത്രേ. മണി പെട്ടെന്ന് കാലുകൾ ഉയർത്തിയത് കൊണ്ട് കൊത്ത് കിട്ടാതെ രക്ഷപ്പെട്ടു.

 അന്ന് തന്നെ മറ്റൊരു സംഭവം കൂടി ഉണ്ടായി. സന്ധ്യക്കു അതിലെ പോയ ഒരു കാൽ നട യാത്രക്കാരനാണ് ആ കാഴ്ച കണ്ടത്. ഞങ്ങളുടെ മുറ്റത്തെ തൈ തെങ്ങിന്റെ കുഴിയിലേക്ക് ഒരു പാമ്പ് ഇഴഞ്ഞു കയറിപ്പോകുന്നു. മൂർഖൻ പാമ്പുകൾക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണത്രെ, ആൺ പാമ്പിനെ കൊന്നാൽ അതിന്റെ ഇണ തേടി വരും. പെൺ പാമ്പിനെയാണ് കൊന്നതെങ്കിൽ വലിയ അന്വേഷണമൊന്നും ഉണ്ടാവില്ല. അപ്പോൾ അത് തന്നെയാണ് കാര്യം. തലേന്നാൾ കൊന്ന മൂർഖന്റെ ഇണ വൈരാഗ്യ ബുദ്ധിയോടെ വന്നിരിക്കുകയാണ്. തക്കം കിട്ടുമ്പോൾ പകരം വീട്ടാൻ.

വാർത്ത കാട്ടു തീ പോലെ പടർന്നു. കേട്ടപാതി കേൾക്കാത്ത പാതി ഉപ്പാപ്പനും പരിവാരങ്ങളും വടിയും പത്തലുമായി സ്ഥലത്തെത്തി. എന്തിനേറെ പറയേണ്ടു, ഈ സംഭവ വികാസങ്ങൾ ഒന്നും അറിയാതെ സന്ധ്യ കഴിഞ്ഞു മടങ്ങിയെത്തിയ ഞങ്ങൾ കണ്ടത് മുറ്റത്ത് ഒരു ആൾ കൂട്ടം. ആൾകൂട്ടത്തിന് നടുവിൽ ഒരു പാമ്പ് ചത്തു മലച്ച് കിടക്കുന്നു. ഉപ്പാപ്പനും കൂട്ടരും കുന്തവും കുറുവടിയുമൊക്കെയായി ജേതാക്കളെ പോലെ അടുത്തു തന്നെ നിൽക്കുന്നുണ്ട്. അങ്ങിനെ തന്റെ ഇണയുടെ ഘാതകരോടുള്ള ഒരു പെൺ പാമ്പിന്റെ പ്രതികാരത്തിന്റെ കഥ അവിടെ അവസാനിച്ചു.

ഇപ്പോളും ഇടയ്ക്കു ഞാൻ ഓർക്കാറുണ്ട്.....തന്റെ ഇണയെ തേടി വന്ന പ്രതികാര ദാഹിയായ ആ പെൺ പാമ്പിനെ പറ്റി. കൂടാതെ അന്ന് അവളെ ആരും കണ്ടില്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ വിധി എന്താവുമായിരുന്നു എന്നതിനെ പറ്റി....                             
                                              (തുടരും....)

Comments

Popular Posts